District News
കണ്ണൂര്‍: കോടതി തടവിന് ശിക്ഷിച്ചയാളുടെ സ്ഥാനാര്‍ഥിത്വം റദ്ദാക്കാത്ത വരണാധികാരിക്കെതിരേ നടപടി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സത്യപ്രതിജ്ഞയ്ക്കായി പരോളില്‍ ഇറങ്ങിയ പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് ഡിവിഷനിലെ വി.കെ. നിഷാദിന്റെ വിജയം അസാധുവാക്ക ണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകന് കുളത്തൂര്‍ ജയ്സിംഗ് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
പോലീസിനെ ആക്രമിച്ച കേസില്‍ തളിപ്പറമ്പ് സെഷന്‍സ് കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച നിഷാദിന്റെ സ്ഥാനാര്‍ഥിത്വം എന്തടിസ്ഥാനത്തിലാണ് പയ്യന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് വരണാധി കാരി അംഗീകരിച്ചതെന്നാണ് അഡ്വ. ജയ്സിംഗ് ചോദിക്കുന്നത്.പിതാവിന്റെ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്കായാണ് നിഷാദിന് ആദ്യം പരോള്‍ അനുവദിച്ചത്. ജയിലില്‍ നിന്നു പുറത്തുവന്ന പ്രതി ശിക്ഷയുടെ കാര്യം മറച്ചുവച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന് നല്‍കുകയായിരുന്നു. ഇക്കാര്യമറിയാവുന്ന വരണാധികാരി നാമനിര്‍ദേശപത്രിക തള്ളിയില്ല.
ശിക്ഷാവിധി മേല്‍ക്കോടതി ഇതുവരെ റദ്ദാക്കിയിട്ടില്ല. ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന നിയമത്തെ പയ്യന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് വരണാധികാരിയും പോലീസും അട്ടിമറിച്ചെന്നും അഡ്വ. ജയ്സിംഗ് ആരോപിച്ചു.
District News
ശ്രീകണ്ഠപുരം: നഗരസഭയിൽ നെടുങ്ങോം വാർഡിലെ യുഡിഎഫ് വനിതാ സ്ഥാനാർഥിയെ ബൂത്തിൽ മർദിച്ചതായി പരാതി. യുഡിഎഫ് സ്ഥാനാർഥി ഷീജാ ജഗനാഥനെയാണ് ഇന്നലെ ഉച്ചയോടെ എൽഡിഎഫ് സ്ഥാനാർഥി മിനിയുടെ ഭർത്താവ് വർഗീസ് മർദിച്ചത്. ബൂത്തിലെത്തിയ യുവവോട്ടർ സ്ലിപ്പ് കാണിച്ച് സംശയം ചോദിക്കുന്നതിനിടെ ഷീജയുടെ ചുമലിൽ തട്ടി മർദിക്കുകയും കൈ പിടിച്ച് വേദനിപ്പിക്കുകയും ചെയ്തു. തുടർന്ന് കൂട്ടുമുഖം ഗവ. ആശുപത്രിയിൽ ചികിത്സതേടി.
വീണ്ടും ബൂത്തിലെത്തിയ എൽഡിഎഫ് പ്രവർത്തകർ ആക്ഷേപിച്ചതായും പരാതിയുണ്ട്. കൂടാതെ രാവിലെ വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷം ഐഡി കാർഡ് ഇല്ലാത്ത വോട്ടറുടെ പ്രശ്നം വന്നപ്പോൾ സിപിഎം നേതാവ് ചന്ദ്രനും മകൻ അമൽരാജും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിയും മുഴക്കിയതായി ഷീജ ആരോപിച്ചു. ഷീജ ശ്രീകണ്ഠപുരത്തെ സ്വകാര്യആശുപത്രിയിലും രാത്രിയോടെ തളിപ്പറമ്പിലെ സ്വകാര്യആശുപത്രിയിലും ചികിത്സ തേടി. ഷീജ ജഗനാഥൻ ശ്രീകണ്ഠപുരം പോലീസിൽ പരാതി നൽകി